അഗസ്ത്യാർകൂടം ട്രക്കിംഗ് : രജിസ്ട്രേഷൻ ബുധനാഴ്ച തുടങ്ങും
Tuesday, January 7, 2025 8:09 PM IST
തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിംഗിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച തുടങ്ങും. രജിസ്ട്രേഷൻ രാവിലെ 11നു തുടങ്ങും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ serviceonline. gov.in/ trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും ഓണ്‍ലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം.
ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയാണ് ട്രക്കിംഗ്. ട്രക്കിംഗിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നന്പർ ഓണ്‍ലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിംഗ് മൂന്ന് ഘട്ടമായി ക്രമീകരിച്ചിട്ടുണ്ട്.
ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിംഗിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിംഗിന് ജനുവരി 21നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിംഗിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കണം.