ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Tuesday, January 7, 2025 8:03 PM IST
ആലപ്പുഴ: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീപിടിത്തത്തിൽ കാറിന്റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചു.
മാരുതി ആൾട്ടോ കാറാണ് നടുറോഡിൽ നിന്ന് കത്തിയത്. അപകടത്തിൽ ആർക്കും ആളപായമില്ല. ഇന്ന് രാവിലെ നൂറനാട് ഇടക്കുന്നം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഇടക്കുന്നം കരുണാസദനം വീട്ടിൽ ജയലാലും അമ്മയുമാണ് കാറിലുണ്ടായിരുന്നത്.
കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയർന്നതോടെ വാഹനം നിർത്തി ജയലാലും അമ്മയും പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടിയാണ് തീയണച്ചത്.
വിവമറിഞ്ഞ് നൂറനാട് പോലീസും കായംകുളത്ത് നിന്ന് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.