പതിവുപോലെ കോഹ്ലി മടങ്ങി, തകർത്തടിച്ച് പന്ത്; ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടം
Saturday, January 4, 2025 11:59 AM IST
സിഡ്നി: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിംഗ് തകർച്ച. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ്.
രണ്ടു റൺസുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. 37 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. പാറ്റ് കമ്മിൻസ്, ബ്യൂ വെസ്റ്റർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുൻനിര ബാറ്റർമാർ കളിമറന്നപ്പോൾ വെടിക്കെട്ട് അർധസെഞ്ചുറിയുമായി ഋഷഭ് പന്ത് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ നൂറുകടത്തിയത്. 33 പന്തിൽ നാലു സിക്സറുകളും ആറു ബൗണ്ടറികളുമുൾപ്പെടെ 61 റൺസെടുത്ത പന്താണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
യശസ്വി ജയ്സ്വാൾ (22), കെ.എൽ. രാഹുൽ (13), ശുഭ്മാൻ ഗിൽ (13) എന്നിവർ രണ്ടക്കമെങ്കിലും കടന്നപ്പോൾ വിരാട് കോഹ്ലി (ആറ്) പതിവു പോലെ ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നല്കി മടങ്ങി.
നേരത്തെ, ഓസ്ട്രേലിയയെ 181 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ നാലു റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. അർധസെഞ്ചുറി നേടിയ ബ്യൂ വെസ്റ്റർ (57) ആണ് ഓസീസിന്റെ ടോപ് സ്കോറർ. സാം കോൺസ്റ്റാസ് (23), സ്റ്റീവ് സ്മിത്ത് (33), അലക്സ് കാരി (21), പാറ്റ് കമ്മിൻസ് (10) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഉസ്മാൻ ഖവാജ (രണ്ട്), മാർനസ് ലബുഷെയ്ൻ (രണ്ട്), ട്രാവിസ് ഹെഡ് (നാല്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കു വേണ്ടി മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്.