ഓസീസിനെ എറിഞ്ഞിട്ട് പേസർമാർ; സിഡ്നിയിൽ ലീഡ് പിടിച്ച് ഇന്ത്യ
Saturday, January 4, 2025 10:04 AM IST
സിഡ്നി: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഓസ്ട്രേലിയയെ ഒന്നാമിന്നിംഗ്സിൽ 181 റൺസിന് എറിഞ്ഞിട്ടതോടെയാണ് ഇന്ത്യ ലീഡ് പിടിച്ചത്.
അർധസെഞ്ചുറി നേടിയ ബ്യൂ വെസ്റ്റർ (57) ആണ് ഓസീസിന്റെ ടോപ് സ്കോറർ. സാം കോൺസ്റ്റാസ് (23), സ്റ്റീവ് സ്മിത്ത് (33), അലക്സ് കാരി (21), പാറ്റ് കമ്മിൻസ് (10) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഉസ്മാൻ ഖവാജ (രണ്ട്), മാർനസ് ലബുഷെയ്ൻ (രണ്ട്), ട്രാവിസ് ഹെഡ് (നാല്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കു വേണ്ടി മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്.
ഒന്നിന് ഒമ്പത് റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗിനിറങ്ങിയ ഓസീസിന് മാർനസ് ലബുഷെയ്നിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുംറ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
പിന്നാലെ ക്രീസിൽ ഉറച്ചുനില്‍ക്കുകയായിരുന്ന കൗമാരതാരം സാം കോൺസ്റ്റാസിനെ മടക്കി മുഹമ്മദ് സിറാജ് വരവറിയിച്ചു. അതേ ഓവറില്‍ ട്രാവിസ് ഹെഡിനേയും മടക്കിയ സിറാജ് ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇതോടെ നാലിന് 39 റൺസെന്ന നിലയിൽ പ്രതിരോധത്തിലായ ആതിഥേയരെ കരയ്ക്കു കയറ്റാൻ സ്റ്റീവ് സ്മിത്തും ബ്യൂ വെബ്സ്റ്ററും ചേർന്ന് ശ്രമമാരംഭിച്ചു. ഇരുവരും ചേർന്ന് അഞ്ചാംവിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, സ്കോർ 97 റൺസിൽ നില്‍ക്കെ സ്മിത്തിനെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അലക്സ് കാരിയെ കൂട്ടുപിടിച്ച് വെബ്സ്റ്റർ സ്കോർ നൂറുകടത്തി. എന്നാൽ സ്കോർ 137 ആയപ്പോഴേക്കും കാരിയെ ബൗൾഡാക്കി പ്രസിദ്ധ് വീണ്ടും പ്രഹരമേല്പിച്ചു. വൈകാതെ വെബ്സ്റ്റര്‍ തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
എന്നാൽ, സ്കോർ 162 റൺസിൽ നില്‍ക്കെ നായകൻ പാറ്റ് കമ്മിൻസിനെ നിതീഷ് കുമാർ റെഡ്ഡി പുറത്താക്കി. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു. ഒരു റൺസെടുത്ത മിച്ചൽ സ്റ്റാർക്കിനെയും നിതീഷ് റെഡ്ഡി മടക്കി. തൊട്ടുപിന്നാലെ അർധസെഞ്ചുറി പിന്നിട്ട വെബ്സ്റ്ററെ പ്രസിദ്ധ് കൃഷ്ണ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു.
അവസാന വിക്കറ്റിൽ രണ്ടു ബൗണ്ടറികളുമായി സ്കോർ ഉയർത്താൻ ശ്രമിച്ച സ്കോട്ട് ബോളണ്ടിനെ സിറാജ് ബൗൾഡാക്കിയതോടെ ഓസീസ് 181 റൺസിനു പുറത്തായി.