കർക്കിടകവും കഥാകാരനും
Wednesday, December 25, 2024 10:18 PM IST
കോരിച്ചൊരിയുന്ന മഴയും പെയ്തിറങ്ങുന്ന പട്ടിണിയുമുള്ള കർക്കിടകത്തിലായിരുന്നു എം.ടിയുടെ ജനനം. ഉത്രട്ടാതി നക്ഷത്രം.
കർക്കിടകത്തിൽ പിറന്നവനു പിറന്നാളാഘോഷമില്ല. എന്നാൽ പിറന്നാൾ ആഘോഷിക്കണമെന്ന് ഈ ബാലനു വല്ലാത്ത മോഹം. അങ്ങനെ താൻ ആഘോഷിച്ച ഒരു പിറന്നാളിന്റെ കഥ എം.ടി പറഞ്ഞപ്പോൾ... (1996 ജനുവരി 20ന് ദീപികയോട് പങ്കുവച്ച അനുഭവകുറിപ്പിൽനിന്ന്...)
ഒരു കർക്കിടകം കൂടി കടന്നുപോകുന്നു.
"കർക്കിടക'മെന്ന പേരിൽ ഞാൻ മുമ്പ് ഒരു കഥ എഴുതിയിട്ടുണ്ട്. വീട്ടിൽവച്ച ചോറുതന്നെ കഷ്ടിയാ യിരിക്കെ, അച്ഛന്റെ നാടായ വന്നേരിയിൽ നിന്ന് വിരുന്നുവന്ന ഒരാളെ അമ്മ വിസ്തരിച്ച് സൽക്കരിക്കുന്നതും അവസാനം താനടക്കമുള്ളവർ കഞ്ഞി വെള്ളം കുടിച്ച് കിടക്കേണ്ടിവന്നതുമാണ് കഥ. കൊല്ലത്തോടു കൊല്ലം ഉണ്ണാൻ വേണ്ട നെല്ലില്ലാക്കുടുംബങ്ങൾക്ക് കർക്കിടകം എന്നും ഒരു ദുഃഖസ്വപ്നമാണ്.
വിരിപ്പ് നെല്ല് വിളയുന്നത് നോക്കി നടക്കാറുള്ള കുട്ടികൾക്കുകൂടി കൊയ്ത്ത് എന്നായിരിക്കുമെന്ന് സുമാർ അറിയാം. അവരും മനസിൽ കണക്കു കൂട്ടി കാത്തിരിക്കും.
കർക്കിടകത്തിൽ ഒരു വിരുന്നുകാരന്റെ കുട വയൽവരമ്പത്തുകണ്ടാൽ വീട്ടിലുള്ളവരുടെ വയറ്റിൽ തീയാളുന്നു. “കർക്കിടക'ത്തിലെ ശങ്കുണ്ണിയേട്ടനെ കാണുമ്പോൾ ഇപ്പോഴും എനിക്ക് ജാള്യത തോന്നും. പേരുമാറ്റി എഴുതാമായിരുന്നു. എഴുതുമ്പോൾ അങ്ങിനെ വന്നുപോയി. എന്റെ മരുമക്കൾ ഗീതയും കൃഷ്ണനും ഒരിക്കൽ കഥ വിസ്തരിച്ച് ശങ്കുണ്ണിയേട്ടന് വായിച്ചുകൊടുത്തു എന്നു കേട്ടപ്പോൾ മുതൽക്കാണ് ജാള്യത.
കർക്കിടകത്തിൽ പിറന്നുപോയവന് പിറന്നാളാഘോഷങ്ങളില്ല. അതിനുള്ള നെല്ലോ അരിയോ കാണില്ല. ആഘോഷമെന്നാൽ ചോറും പായസവും ഉണ്ടാവലാണ്. "ഒരു പിറന്നാളിന്റെ ഓർമ'യിലെ കുഞ്ഞിക്കൃഷ്ണൻ എന്ന കുട്ടി ഞാനല്ല. അതിന്റെ കാലം പിന്നെയും പിറകിലാണ്. പ്രതാപിയായ ഒരു വലിയമ്മാവന്റെ കർക്കശമായ വാഴ്ച്ചക്കാലത്തെപ്പറ്റി അമ്മയും മറ്റും പറഞ്ഞുകേട്ടിരുന്നു. പക്ഷേ, പിറന്നാളാഘോഷമില്ലാത്തതിൽ കുഞ്ഞിക്കൃഷ്ണനു തോന്നിയ സങ്കടം എന്റേതുതന്നെയായിരുന്നു.
കുഞ്ഞിക്കൃഷ്ണനെപ്പോലെ ധൈര്യമവലംബിച്ച് ഒരു പിറന്നാൾ സദ്യ എനിക്കും വേണമെന്ന് അമ്മയോട് പറഞ്ഞു. അടക്കിഭരിക്കുന്ന ഒരമ്മാവന്റെ വാഴ്ച്ചയൊന്നുമില്ല. കുടുംബം ഭരിക്കുന്നത് അമ്മ തന്നെ. പക്ഷേ വീട്ടിൽ നെല്ലില്ല, കാശില്ല. അമ്മ എങ്ങിനെയോ മൂന്നുറുപ്പികയുണ്ടാക്കി. ഇല്ലത്തുനിന്നാണോ വെട്ടത്ത് അച്യുതൻനായരുടെ വീട്ടിൽ നിന്നാണോ എന്നോർമയില്ല.
ഒരു പറ നെല്ല് വന്നപ്പോൾ ഉച്ചയായിരിക്കുന്നു മഴ. വറുത്തു കുത്തുക എന്ന ഒരു സമ്പ്രദായമുണ്ട് നാട്ടിൻപുറത്ത്. പുഴുങ്ങിയുണക്കി കുത്തി അരിയാക്കാൻ സമയമില്ലാത്തപ്പോൾ അറ്റ കൈയ്ക്ക് മാത്രം ചെയ്യുന്നതാണത്.
അശ്രീകരമാണെന്ന് കൃഷിക്കാർ പറയും. നിവൃത്തിയില്ലാത്തതുകൊണ്ട് അമ്മ അത് ചെയ്തു. ചോറായപ്പോൾ ഏകദേശം നാലുമണി. വിശപ്പു കെട്ടു പോയിരുന്നു. വിശപ്പു കെട്ടശേഷം ചോറ് മുന്നിൽവന്ന പോലെ, ആഗ്രഹിച്ച പലതും വൈകി, താല്പര്യം തീരെ നശിച്ചശേഷം മൂന്നിൽ പ്രത്യക്ഷപ്പെട്ടു. ജീവിതത്തിലിങ്ങോളം. അന്തർദശയുടെ സ്വാധീനം നീണ്ടുപോയിക്കൊണ്ട് ഇരുന്നു.
"കർക്കിടക'വും 'പിറന്നാളിന്റെ ഓർമ'യും 'കാല'ത്തിലെ സേതുവിന്റെ കൗമാരവും ഒക്കെ ഓർമിച്ചുകൊണ്ടായിരിക്കണം ഒരിക്കൽ എന്റെ ചെറിയമ്മയോട് കുട്ടിക്കാലത്തെ എന്റെ കഷ്ടപ്പാടുകളെപ്പറ്റി കോവിലൻ ചോദിച്ചുവത്രെ. അപ്രതീക്ഷിതമായി കോവിലൻ കൂടല്ലൂരിൽ വന്നു, കുന്നിൻപുറത്തെ വീട്ടിൽ ചെറിയമ്മയേയും മറ്റും കണ്ടു എന്ന് ചെറിയമ്മയുടെ മകൻ രവി എഴുതി. കോവിലൻ ആരാണ് എന്നൊന്നും ചെറിയമ്മയ്ക്കറിയില്ല. എന്റെ കൃതികളെപ്പറ്റി ചില ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കിയവരും ചെറിയമ്മയെ കണ്ടിട്ടുണ്ട്.
പിന്നീടൊരിക്കൽ നാട്ടിൽ ചെന്നപ്പോൾ ചെറിയമ്മയോട് ചോദിച്ചു: "ഇവിടെ കോവിലൻ വന്നിരുന്നു എന്ന് കേട്ടല്ലോ ചെറിയമ്മേ" "ആരൊക്കെയോ വന്നിരുന്നു".
“എന്നിട്ട്? എന്തൊക്കെ ചോദിച്ചു?""നീയ് കുട്ടിക്കാലത്ത് കഷ്ടപ്പെട്ടിട്ടുണ്ടോ, നമ്മള് ബുദ്ധിമുട്ടിയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു.".
"ചെറിയമ്മ എന്തു പറഞ്ഞു?'
"അസലായി ! ഞാൻ പറഞ്ഞു, എന്തു കഷ്ടപ്പാട്! ഒരു കഷ്ടപ്പാടും ഉണ്ടായിട്ടില്ല"
ചെറിയമ്മ അങ്ങിനെ പറഞ്ഞില്ലെങ്കിലേ ഞാനത്ഭുതപ്പെടൂ. പുമാൻ തോടു മൂതൽ കൈതക്കാടുവരെ നിലമുണ്ടായിരുന്ന ഏതോ ഒരു വിദൂരഭൂതകാലം ചെറിയമ്മയുടെ മനസ്സിൽ ഇന്നും ഉണ്ട്. അമ്മയുടെ മനസിലും ഉണ്ടായിരുന്നു. അതു കൊണ്ടാണല്ലോ, വിരുന്നുകാരൻ എത്തിയപ്പോൾ അകത്തുനിന്ന് മീനാക്ഷിയേടത്തി പിറുപിറുക്കുന്നതു കേട്ടപ്പോൾ അമ്മ പറഞ്ഞത്: “മിണ്ടല്ലെടി ഒരുമ്പെട്ടോളേ? അവനോന്റെ ഇല്ലായ്മ അവനോൻ അറിഞ്ഞാൽ മതി",
ഗ്രാമത്തിലെ കർക്കിടകം അന്ന് എന്റെ അമ്മയെപ്പോലെതന്നെയായിരുന്നു. മൂടിക്കെട്ടി നിൽക്കും, കോരിച്ചൊരിയും, പൊടുന്നനെ ദുഃഖം മറന്ന ചിരിപോലെ വെയിൽ പരക്കുകയും ചെയ്യും. അന്നത്തെ കർക്കിടകത്തിന് ചാക്കരി തിളയ്ക്കുന്ന ഗന്ധമായിരുന്നു. നനവുണങ്ങാത്ത ജഗന്നഥൻ തുണിയുടെ നിറവും.