ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിനായി തിരച്ചിൽ ഊർജിതമാക്കി ക്രൈംബ്രാഞ്ച്; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
Wednesday, December 25, 2024 12:00 PM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിനായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ചൊവ്വാഴ്ചയും ഹാജരായിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് ക്രൈംബ്രാഞ്ച് നടപടി.
ഷുഹൈബ് ഹാജരാകാത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഷുഹൈബിനൊപ്പം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. മറ്റന്നാള്‍ ഹാജരാകാമെന്നാണ് അധ്യാപകര്‍ അന്വേഷണ സംഘത്തെ നിലവില്‍ അറിയിച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയിൽ വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എംഎസ് സൊലൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നത്, എങ്ങനെ കിട്ടി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്.