രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
Tuesday, December 24, 2024 4:48 PM IST
ജയ്പുർ: രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തിങ്കളാഴ്ചയാണ് കോട്പുത്ലി-ബെഹ്റോർ ജില്ലയിലാണ് മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്.
എൻഡിആർഎഫും എസ്ഡിആർഎഫും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന ചേതന എന്ന പെൺകുട്ടി അബദ്ധത്തിൽ കുഴൽക്കിണറിലേക്ക് തെന്നി വീഴുകയായിരുന്നു.
വടിയിൽ ഘടിപ്പിച്ച കൊളുത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. പെൺകുട്ടിയുടെ ചലനങ്ങൾ കാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. കുട്ടിയുടെ ജീവൻനിലനിർത്താനായി ഓക്സിജൻ എത്തിച്ചിട്ടുണ്ട്.
വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെൺകുട്ടിയെ വേഗത്തിൽ രക്ഷപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയസുള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂറിലേറെ സമയമെടുത്ത് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.