വയനാട് പുനരധിവാസ പട്ടികയിലെ പിഴവിൽ നടപടി വേണം; സിപിഐ വയനാട് ജില്ലാ സെക്രട്ടറി
Sunday, December 22, 2024 10:21 PM IST
കൽപ്പറ്റ: വയനാട് പുനരധിവാസത്തിൽ തദ്ദേശ വകുപ്പിന് വീഴ്ച പറ്റിയെന്ന് സിപിഐ. സിപിഐ വയനാട് ജില്ലാ സെക്രട്ടറിയാണ് വിമർശനവുമായി രംഗത്തെത്തിയത്.
കരട് പട്ടികയിൽനിന്ന് അർഹരായ പലരെയും പുറത്താക്കി. പുനരധിവാസ പട്ടികയിൽ സംഭവിച്ച പിഴവിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വയനാട് പുനരധിവാസത്തിന് വീടുകൾ വാഗ്ദാനംചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സ്ഥലം ഏറ്റെടുപ്പ് നടപടി വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനമായി.
ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് മന്ത്രിസഭ ചർച്ചചെയ്തു. 1000 സ്ക്വയർഫീറ്റ് ഒറ്റ നില വീടുകളായിരിക്കും ടൗൺ ഷിപ്പിലുണ്ടാകുക. കിഫ്ബി ആണ് വീട് നിർമാണത്തിനുള്ള പ്ലാൻ തയാറാക്കിയത്.