തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Sunday, December 22, 2024 9:24 PM IST
തിരുവനന്തപുരം: വിവാദ നിലപാട് ആവർത്തിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നതായി വിജയരാഘവൻ പറഞ്ഞു.
വർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാട് ഇനിയും തുറന്ന് എതിർക്കും. അധികാരത്തിനായി കോൺഗ്രസ് വർഗീയതയോട് സന്ധിചെയ്യുന്നു. എസ്ഡിപിഐയുടെ പ്രകടനത്തോടെയാണ് പാലക്കാട്ട് യുഡിഎഫിന്റെ വിജയാഘോഷം തുടങ്ങിയത്.
ഈയിടെ മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും ജമാ അത്തെ ഇസ്ലാമി ആക്ഷേപിച്ചിട്ടും കോൺഗ്രസ് ഒരക്ഷരം മിണ്ടിയിട്ടില്ല. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം പ്രതിപക്ഷം തീവ്ര മുസ്ലീം വർഗീയതയ്ക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താൻ ബിജെപിക്ക് അവസരമൊരുക്കി.
ഇത് രാജ്യമാകെ അവർ പ്രചരണ വിഷയമാക്കി. അതിന് അവർക്ക് അവസരം നൽകിയതിലൂടെ വലിയൊരു തെറ്റാണ് കോൺഗ്രസ് ചെയ്തത്. ന്യൂനപക്ഷവർഗീയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചുകൊണ്ട് അവർ കേരളത്തിന്റെ പുരോഗമന അടിത്തറ തകർക്കുകയെന്ന പിന്തിരിപ്പൻ രാഷ്ട്രീയത്തിന് നേതൃത്വം നൽകിയെന്ന് വിജയരാഘവൻ പറഞ്ഞു.
അധികാരം കിട്ടാൻ ഏത് വർഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വം തെളിയിക്കുന്നത്. ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നമാണ് താൻ ഉയർത്തിയത്. ആക്ഷേപിച്ച് തന്റെ വായടപ്പിക്കാം എന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.