പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറൊന്ന്; എം.വി.ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി
Sunday, December 22, 2024 1:59 PM IST
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്.
ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പോലീസ് സ്റ്റേഷനുകളിൽ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർഥം മനസിലാകുന്നത് അപ്പോഴാണെന്നും വനിതാ പ്രതിനിധി പറഞ്ഞു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല.
വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. പാർട്ടി പദവിയിലെത്തിയ സ്ത്രീകളുടെ കണക്കുകൾ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉണ്ട്. അതിൽ സന്തോഷമുണ്ട്. നിശ്ചിത പാർട്ടി പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വനിതാ പ്രതിനിധി ചോദിച്ചു.
സംസ്ഥാനസര്‍ക്കാരിനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആരോപണ വിധേയനായ എഡിജിപി എം.ആര്.അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ പ്രതിനിധികള്‍ വിമര്‍ശിച്ചു.
കോടതി വ്യവഹാരത്തിലൂടെ അജിത് കുമാറിന് ഡിജിപിയാകാന്‍ കഴിയുമെന്നിരിക്കെ സര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടിയിരുന്നില്ല. മന്ത്രിസഭ ചേര്‍ന്ന് സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.