മുനമ്പത്ത് നടക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണലായുള്ള ഭൂമി കൈയേറ്റം: രാജീവ് ചന്ദ്രശേഖർ
Sunday, December 22, 2024 1:36 PM IST
കൊച്ചി: മുനമ്പത്ത് നടക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണലായുള്ള ഭൂമി കൈയേറ്റമാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുനമ്പം സമര ഭൂമിയിലെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിനു പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകും. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ഉറപ്പ് നൽകിയതാണ്. ഇതിൽ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുതിയ വഖഫ് നിയമം വരും. ഇവിടെ മാത്രമല്ല വഖഫ് ഭൂമി കൈയടക്കി വച്ചിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സ്ഥലത്തും നീതി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സമരമിരിക്കുന്നവർ പ്രശ്നങ്ങൾ വിവരിച്ചുള്ള നിവേദനവും അദ്ദേഹത്തിനു സമർപ്പിച്ചു.
പുതിയ വഖഫ് നിയമം വൈകാതെ വരുമെന്നും സമരക്കാർക്ക് ഉറപ്പുകൊടുത്താണ് രാജീവ് ചന്ദ്രശേഖർ മടങ്ങിയത്. അഡ്വ. ഷോൺ ജോർജിനൊപ്പമാണ് രാജീവ് ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്.