വിജയരാഘവൻ വർഗീയ രാഘവനാണെന്ന് കെ.എം. ഷാജി
Sunday, December 22, 2024 11:19 AM IST
മലപ്പുറം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. വിജയരാഘവൻ വർഗീയ രാഘവനാണെന്നും വാ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നതെന്നും ഷാജി പറഞ്ഞു.
അതേസമയം മുസ്ലിംലീഗിനെ എങ്ങനെ നന്നാക്കാം എന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരുമെന്നും ഷാജി പറഞ്ഞു.
രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ജയിപ്പിച്ചത് ഈ രാജ്യത്തെ വർഗീയ വാദികളാണെന്നും സൂക്ഷിക്കണമെന്നുമാണ് വിജയരാഘവൻ പറഞ്ഞത്. എന്നാൽ ആർഎസ്എസ് പോലും പറയാത്ത വാക്കാണിതെന്നും ഷാജി പറഞ്ഞു.
വർഗീയത ഉണ്ടാക്കിയാൽ നാളെ പത്ത് വോട്ട് കിട്ടാം. അതിനപ്പുറം ഈ രാജ്യം നിലനിൽക്കണ്ടേയെന്നും നമ്മുടെ മക്കൾക്ക് ഇവിടെ ജീവിക്കണ്ടേ എന്നും കെ.എം ഷാജി ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചു.