മൂന്നാംദിനവും മൂക്കുകുത്തി വീണു; പവന് കുറഞ്ഞത് 240 രൂപ
Friday, December 20, 2024 10:39 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വർണവില താഴേക്ക്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,320 രൂപയിലും ഗ്രാമിന് 7,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 24 കാരറ്റ് സ്വർണം ഗ്രാമിന് 7,680 രൂപയും പവന് 61,440 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമെത്തി.
ബുധനാഴ്ച പവന് 120 രൂപയും വ്യാഴാഴ്ച 520 രൂപയും കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവോടെ ഈമാസത്തെ ഏറ്റവും താഴ്ന്ന വിലയിൽ സ്വർണം എത്തി. മൂന്ന് ദിവസം കൊണ്ട് 880 രൂപയാണ് പവന് കുറഞ്ഞത്. ഒന്പതുദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ വാരാന്ത്യത്തിൽ കുതിച്ചുകയറിയ സ്വർണമാണ് ഈ വാരം താഴേക്കുപോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പവന് 440 രൂപയും ശനിയാഴ്ച പവന് 720 രൂപയും ഇടിഞ്ഞിരുന്നു. തുടർന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ചൊവ്വാഴ്ച പവന് 80 രൂപ ഉയർന്നിരുന്നു. പിന്നീട് വില താഴേക്കുപോകുന്നതാണ് ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്നു. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 12ന് 58,280 രൂപയിലെത്തിയ സ്വർണം ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കും എത്തി.
ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്.