സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്കും നാട് വിടചൊല്ലി
Thursday, December 19, 2024 2:19 PM IST
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിടചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ സംസ്കാര ശുശ്രൂഷകള്‍ ഇന്നുച്ചയോടെ മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നു.
മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ കുടുംബക്കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്കരിച്ചു. രാവിലെ മുതല്‍ വന്‍ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
സമാപന ശുശ്രൂഷകള്‍ക്ക് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയിലെയും മറ്റു സഭകളിലെയും ബിഷപ്പുമാരും വൈദികരും ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു.
ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നു രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. ഭവനങ്ങളില്‍ വിടവാങ്ങൽ പ്രാര്‍ഥനകള്‍ക്കുശേഷം കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്കി. മരിച്ച മത്തായിയുടെ ഭാര്യ സാലിയുടെയും ബിജുവിന്റെ ഭാര്യ നിഷയുടെയും ദുഃഖത്തിന് സമാശ്വാസം പകരാന്‍ ആര്‍ക്കുമായില്ല.
പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തില്‍ നാല് മൃതദേഹങ്ങളും പൊതുദര്‍ശനത്തിനെത്തിച്ചു. 12 ഓടെ ദേവാലയത്തിനുള്ളിലെത്തിച്ച് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചു. നവദന്പതികളായ നിഖിലും അനുവും മലേഷ്യന്‍ യാത്ര കഴിഞ്ഞ് മടങ്ങുന്പോള് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇരുവരുടെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജുവും കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണു പിഎം റോഡില്‍ കോന്നി മുറിഞ്ഞകല്ലില്‍ അപകടം ഉണ്ടായത്.
വീട് എത്തുന്നതിന് എഴ് കിലോമീറ്ററകലെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മൂന്നുപേര്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ അനു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും അന്നു തന്നെ മരിച്ചു.