ഒഡീഷയെ രണ്ടു ഗോളിന് തകർത്തു; കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ
Thursday, December 19, 2024 1:28 PM IST
ഹൈദരാബാദ്: തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് ബിയിൽ ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം.
ഡെക്കന്‍ അരീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍ വീതമാണ് കേരളം നേടിയത്. 40-ാം മിനിറ്റിൽ മുഹമ്മദ് അജ്സലും 54-ാം മിനിറ്റിൽ നസീബ് റഹ്മാനുമാണ് ഗോളുകൾ നേടിയത്.
ടൂര്‍ണമെന്റില്‍ അജ്സലിന്റെ മൂന്നാം ഗോളും നസീബിന്റെ രണ്ടാം ഗോളുമാണ് ഇന്നു പിറന്നത്. അതേസമയം, ഒഡീഷയുടെ ആക്രമണങ്ങളെ ചെറുത്തുനിന്ന് കേരളത്തിന് വിജയം സമ്മാനിച്ച ക്യാപ്റ്റൻ സഞ്ജു ഗണേഷ് ആണ് കളിയിലെ താരം.
ഗ്രൂപ്പ് ബിയിൽ രണ്ടു കളികള്‍ ബാക്കി നില്‍ക്കെയാണ് ഒൻപതു പോയിന്റുമായി കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. കേരളം ആദ്യ മത്സരത്തിൽ ഗോവയെ 4-3നും രണ്ടാം മത്സരത്തിൽ മേഘാലയയെ 1-0നും തോൽപ്പിച്ചിരുന്നു. ഇനി 22ന് ഡൽഹിയേയും 24ന് തമിഴ്നാടിനെയുമാണ് കേരളത്തിനു നേരിടേണ്ടത്.