രണ്ടാംദിനവും സ്വർണവില താഴേക്ക്; ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു, വീണ്ടും 57,000ല്‍ താഴെ
Thursday, December 19, 2024 10:52 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില താഴേക്ക്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,560 രൂപയിലും ഗ്രാമിന് 7,070 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ താഴ്ന്ന് 5,840 രൂപയിലെത്തി.
കഴിഞ്ഞ വാരാന്ത്യത്തിൽ കുതിച്ചുകയറിയ സ്വർണമാണ് ഈ വാരം താഴേക്കുപോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പവന് 440 രൂപയും ശനിയാഴ്ച പവന് 720 രൂപയും ഇടിഞ്ഞിരുന്നു. തുടർന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ചൊവ്വാഴ്ച പവന് 80 രൂപ ഉയർന്നിരുന്നു. പിന്നീട് വില താഴേക്കുപോകുന്നതാണ് ദൃശ്യമായത്. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞു. ഇന്നത്തെ ഇടിവോടെ ഈമാസത്തെ ഏറ്റവും താഴ്ന്ന വിലയിൽ സ്വർണം എത്തി. ഒരാഴ്ചയ്ക്കിടെ പവന് 1,720 രൂപയും ഗ്രാമിന് 215 രൂപയുമാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 12ന് 58,280 രൂപയിലെത്തിയ സ്വർണം ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കും എത്തി.
ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,586 ഡോളറിന് താഴേക്ക് വീണെങ്കിലും പിന്നീട് അല്‍പ്പം കയറി 2612 ഡോളറിലെത്തി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 95 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.