വിവാദ പരാമർശം; ജസ്റ്റീസ് ശേഖർ കുമാർ യാദവ് മാപ്പു പറയണമെന്ന് കൊളീജിയം
Thursday, December 19, 2024 7:23 AM IST
ന്യൂഡൽഹി: ജഡ്ജിയുടെ വിവാദ പരാമർശം സുപ്രീംകോടതി ഫുൾ കോർട്ട് ചർച്ചചെയ്തു. വിവാദ പരാമർശത്തിൽ ജസ്റ്റീസ് ശേഖർ കുമാർ യാദവ് രേഖാമൂലം മാപ്പു പറയണമെന്ന് കൊളീജിയം നിർദേശിച്ചു.
സംഭവം പൊതു വേദിയിൽ പിന്നീട് വിശദീകരിക്കുമെന്ന് ശേഖർ കുമാർ കൊളീജിയത്തെ അറിയിച്ചു. വിഷയത്തിൽ കുറച്ചു കാത്തിരുന്ന ശേഷം അന്തിമ തീരുമാനമെന്ന് ചീഫ് ജസ്റ്റീസും വ്യക്തമാക്കി.
ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തിൽ പങ്കെടുത്ത് ജസ്റ്റീസ് യാദവ് നടത്തിയ പരാമർശം. പരാമർശത്തിൽ വലിയ പ്രതിഷേധമാണുയർന്നത്.
അദ്ദേഹത്തെ ഇംപീച്ച്മെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടു 55 എംപിമാർ ഒപ്പിട്ട പ്രമേയം രാജ്യസഭാ സെക്രട്ടറി ജനറലിന് പ്രതിപക്ഷ അംഗങ്ങൾ നൽകിയിരുന്നു. കൂടാതെ, ജസ്റ്റീസ് യാദവിനെതിരേ നടപടി ആവശ്യപ്പെട്ട് ലോയേഴ്സ് അസോസിയേഷൻ അടക്കം വിവിധ സംഘടനകൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയയ്ക്കുകയും ചെയ്തു.