കല്ലടിക്കോട് അപകടം; വില്ലനായത് മറ്റൊരു ലോറി
Thursday, December 12, 2024 9:22 PM IST
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തിൽ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിൽപ്പെട്ട സിമന്റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചിരുന്നുവെന്ന് ആര്‍ടിഒ വ്യക്തമാക്കി.
ലോറി ഇടിച്ചതിനെ തുടർന്ന് സിമന്റ് കയറ്റി വന്ന ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്റ് കയറ്റി വരുകയായിരുന്ന ലോറിയിൽ ഇടിച്ചത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിമന്റ് കയറ്റിവന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചെന്ന് കണ്ടെത്തിയത്. ഇതിലെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അപകടത്തിൽ മരിച്ച നാല് വിദ്യാര്‍ഥിനികളുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലും കരിമ്പനക്കൽ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വയക്കും. തുടർന്ന് തുപ്പനാട് ജുമാ മസ്ജിദിൽ സംസ്കരിക്കും. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു.
കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്നും നാളത്തെ പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.