ബഷാര്‍ അല്‍ അസദും കുടുംബവും മോസ്കോയിൽ; എച്ച്ടിഎസിനെ അഭിനന്ദിച്ച് താലിബാൻ
Monday, December 9, 2024 12:40 AM IST
മോസ്കോ: സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്കോയിൽ. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് റഷ്യൻ വാർത്താ ഏജൻസി ടാസ് (TASS) സ്ഥിരീകരിച്ചു.
വിമതരുമായി തങ്ങള്‍ കൂടി ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടതെന്ന് നേരത്തേ റഷ്യ അറിയിച്ചിരുന്നു. ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ആരംഭിച്ച വലിയ തോതിലുള്ള ആക്രമണത്തിന്റെ ഒടുവിൽ അവർ സിറിയൻ തലസ്ഥാനം അതിവേഗം പിടിച്ചെടുക്കുകയായിരുന്നു.
മുൻ അൽ-ഖ്വയ്ദ കമാൻഡറുടെ നേതൃത്വത്തിൽ മുമ്പ് ജബത്ത് അൽ-നുസ്ര എന്നറിയപ്പെട്ടിരുന്ന സംഘം വടക്കൻ സിറിയയിലെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിൽ നിന്ന് കഴിഞ്ഞ ആഴ്ച ആരംഭിച്ച അപ്രതീക്ഷിത ആക്രമണമാണ് ഇപ്പോൾ അധികാരം പിടിച്ചതോടെ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്
അതേസമയം, എച്ച്ടിഎസിനെയും സിറിയന്‍ ജനതയെയും അഭിനന്ദിച്ച് താലിബാന് രംഗത്തെത്തി. അല്‍ ക്വയ്ദ ബന്ധമുളള എച്ച്ടിഎസ് ആണ് സിറിയയിൽ അധികാരം പിടിച്ചത്.