വൻവീഴ്ചയ്ക്കു ശേഷം തലപൊക്കി സ്വർണം; പവന് കൂടിയത് 200 രൂപ
Wednesday, November 27, 2024 11:07 AM IST
കൊച്ചി: വൻവീഴ്ചയ്ക്കു ശേഷം തലപൊക്കി സ്വർണം. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,840 രൂപയിലും ഗ്രാമിന് 7,105 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,870 രൂപയിലെത്തി.
രണ്ടു ദിവസത്തിനിടെ 1,760 രൂപ ഇടിഞ്ഞതിനു ശേഷമാണ് സ്വർണവിലയിൽ ഇന്ന് മുന്നേറ്റം ദൃശ്യമായത്. തിങ്കളാഴ്ച പവന് 800 രൂപയും ചൊവ്വാഴ്ച 960 രൂപയുമാണ് കുറഞ്ഞത്.
നേരത്തെ, ആറു ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയ ശേഷമാണ് തിങ്കളാഴ്ച സ്വർണവില കുത്തനെ താഴേക്കുപോയത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബർ 14,16,17 തീയതികളിൽ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയ സ്വർണം പിന്നീടുള്ള ഒരാഴ്ചകൊണ്ട് വീണ്ടും കുതിച്ചുയരുകയായിരുന്നു. വീണ്ടും റിക്കാർഡ് നിരക്കിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്നിടത്താണ് തിങ്കളാഴ്ച കനത്ത ഇടിവ് നേരിട്ടത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ കൂടി. ചൊവ്വാഴ്ച ഔൺസിന് 2,608 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് 2,639.81 ഡോളർ വരെ ഉയർന്നു.
അതേസമയം, വെള്ളിവിലയിൽ രണ്ടുരൂപ കുറഞ്ഞ് 96 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.