പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം: മൂന്നാം പ്രതിയെ തേടി പോലീസ്
Wednesday, November 27, 2024 7:38 AM IST
കൊല്ലം: അഞ്ചലിൽ പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം നടത്തിയ സംഭവത്തിൽ മൂന്നാം പ്രതിയെ തേടി പോലീസ്. 84 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ പിടിയിലായ കേസിലാണ് പോലീസ് മൂന്നാം പ്രതിയെ തേടുന്നത്.
വിൽപനയ്ക്കായി ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ചു നൽകിയ പ്രദീപാണ് ഒളിവിൽ കഴിയുന്നത്. എംഡിഎംഎ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലുള്ളയാളാണ് ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ നാല് ഗ്രാം എംഡിഎംഎംഎ യുമായി പിടികൂടിയത്. ഷിജുവിന്റെ ഓട്ടോറിക്ഷയിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ കൂട്ടാളിയായ സാജന്റെ വീട്ടിൽ കൂടുതൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവിരം ഷിജു വെളിപ്പെടുത്തി.
രാത്രിയോടെ ഏറം സ്വദേശിയായ സാജന്റെ വീട്ടിൽ നിന്നും 80 ഗ്രാം എംഡിഎംഎ റൂറൽ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്ന് പിടിച്ചെടുത്തു. പച്ചക്കറി കടയുടെ മറവിൽ ആണ് ഷിജുവുമായി ചേർന്ന് സാജൻ ലഹരിമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു.
അഞ്ചൽ സ്വദേശിയായ പ്രദീപാണ് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകിയതെന്ന് പ്രതികൾ മൊഴി നൽകി. ഒളിവിലുള്ള പ്രദീപിനായി പോലീസ് അന്വേഷണം തുടരുകയാണ്. സ്കൂൾ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് പ്രതികൾ എംഡിഎംഎ വിൽപന നടത്തിവന്നതെന്നും പോലീസ് വ്യക്തമാക്കി.