ഉച്ചഭക്ഷണത്തിന് പിന്നാലെ ശാരീരിക അവശത; വിദ്യാർഥികൾ ആശുപത്രിയിൽ
Wednesday, November 27, 2024 7:15 AM IST
നാരായൺപേട്ട്: തെലങ്കാനയിൽ ഉച്ചഭക്ഷണത്തിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ 22 കുട്ടികളാണ് ചികിത്സയിലുള്ളത്.
സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെട്ടു. അസുഖബാധിതരായ വിദ്യാർഥികൾ സമീപത്തെ ബേക്കറികളിൽ നിന്നും കടകളിൽ നിന്നും ലഘുഭക്ഷണവും കഴിച്ചിരുന്നു.
ലബോറട്ടറി പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) അറിയിച്ചു.