ചേലക്കരയിലെ തോൽവി പരിശോധിക്കും; പ്രചാരണത്തിൽ പിഴവില്ല: വി.ഡി.സതീശൻ
Sunday, November 24, 2024 11:42 AM IST
തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പരാജയം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രമ്യ ഹരിദാസ് മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്ന കണക്കുകൂട്ടൽ.
പ്രചാരണത്തിൽ പിഴവില്ല. തൃശൂരിലെ സംഘടനാ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. പാലക്കാട് ബിജെപിക്ക് വോട്ട് കുറഞ്ഞതിന്റെ വിഷമം സിപിഎമ്മിനാണ്. കഴിഞ്ഞ തവണ ബിജെപിക്ക് പോയ വോട്ടിൽ ഭൂരിഭാഗവും ഇത്തവണ യുഡിഎഫിന് കിട്ടി.
ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞു. ഭരണവിരുദ്ധവികാരം ഉള്ളതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞത്. യുഡിഎഫ് തരംഗത്തിൽ പോലും ചേലക്കരയിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെയും വോട്ടിംഗ് പഠിക്കും. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.