പോലീസിനെ ആക്രമിച്ച കേസ്; രണ്ട് പേർ പിടിയിൽ
Friday, November 22, 2024 5:46 PM IST
കോഴിക്കോട്: പട്രോളിംഗിനിടെ പോലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നടക്കാവ് സ്റ്റേഷനിലെ മൂന്നു പോലീസുകാർക്ക് മർദനമേറ്റ സംഭവത്തിൽ എലത്തൂർ സ്വദേശികളായ അബ്ദുൾ മുനീർ, അൻസാർ എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ നിന്ന ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നടക്കാവ് സ്റ്റേഷനിലെ നവീൻ, രതീഷ്, ഷിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
പിടിയിലായവർക്ക് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ഇവരുടെ കാർ കസ്റ്റഡിയിലെടുത്തെന്നും പോലീസ് പറഞ്ഞു.