ആത്മകഥാ വിവാദം: സത്യസന്ധമായി മൊഴി നല്കി; നിയമനടപടിയുമായി മുന്നോട്ട്- ഇ.പി. ജയരാജന്
Friday, November 22, 2024 2:08 PM IST
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ അന്വേഷണ സംഘത്തിന് മൊഴി നല്കി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്. സത്യസന്ധമായി പോലീസിന് മൊഴി നല്‍കിയെന്നും നിയമനടപടിയുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഡിസി ബുക്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും തന്റെ കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും ജയരാജന് കൂട്ടിച്ചേർത്തു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സും താനുമായി കരാർ ഉണ്ടാക്കിയെന്ന ചിന്ത ഈ ഭൂമുഖത്ത് ഒരു മനുഷ്യനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്തൊരു ചിന്തയെ കുറിച്ച് പറഞ്ഞിട്ട് എന്താണു കാര്യം. ഒരു പുസ്തകം പൂർത്തീകരിച്ചാൽ അല്ലേ അത് എന്തുചെയ്യണമെന്ന് തീരുമാനിക്കലും കരാർ കൊടുക്കലുമെല്ലാമെന്നും ജയരാജൻ വ്യക്തമാക്കി.
കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തി പോലീസ് വ്യാഴാഴ്ച മൊഴിയെടുത്തിരുന്നു. കോട്ടയത്ത് നിന്നുള്ള പോലീസ് സംഘമാണ് മൊഴിയെടുക്കാനായി എത്തിയത്. തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരിൽ തെരഞ്ഞെടുപ്പ് ദിവസം ചില രേഖകൾ പ്രചരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജൻ പരാതി നല്‍കിയിരുന്നു.
സംഭവത്തിൽ രവി ഡിസിയുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഷാഹുൽ ഹമീദ് പറഞ്ഞു.