വൻ നാണക്കേട് ഒഴിവാക്കി പന്തും നിതീഷും; പെർത്തിൽ ഇന്ത്യ 150നു പുറത്ത്
Friday, November 22, 2024 1:11 PM IST
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 150 റൺസിനു പുറത്ത്. പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യൻ ബാറ്റർമാർ പിടിച്ചുനില്‍ക്കാനാകാതെ കീഴടങ്ങിയപ്പോൾ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും 37 റൺസെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യയെ 150 റൺസിലെത്തിച്ചത്.
ഇരുവരെയും കൂടാതെ 26 റൺസെടുത്ത കെ.എൽ. രാഹുൽ, 11 റൺസെടുത്ത ധ്രുവ് ജുറെൽ എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. യശസ്വി ജയ്സ്വാൾ (പൂജ്യം), ദേവ്ദത്ത് പടിക്കൽ (പൂജ്യം), വിരാട് കോഹ്ലി (അഞ്ച്), വാഷിംഗ്ടൺ സുന്ദർ (നാല്), ഹർഷിത് റാണ (ഏഴ്), ജസ്പ്രീത് ബുംറ (എട്ട്) എന്നിവർ നിരാശപ്പെടുത്തി.
29 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അഞ്ചു റൺസെടുത്തപ്പോഴേക്കും യശസ്വി ജയ്സ്വാളിനെ നഷ്ടമായി. എട്ട് പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മക്സ്വീനിക്ക് ക്യാച്ച് നല്കി മടങ്ങി. പിന്നാലെ 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ ഹേസല്‍വുഡിന് മുന്നില്‍ വീണു. പിന്നാലെ 12 പന്തിൽ അഞ്ചു റൺസുമായി കോഹ്ലിയും മടങ്ങിയതോടെ മൂന്നിന് 32 റൺസെന്ന നിലയിൽ ഇന്ത്യ പ്രതിസന്ധിയെ നേരിട്ടു.
തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എൽ. രാഹുലും ഋഷഭ് പന്തും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ 47 റൺസിൽ നില്‍ക്കെ രാഹുലും മടങ്ങി. ഉച്ചഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോൾ ധ്രുവ് ജുറെലിന്റെ വിക്കറ്റും നഷ്ടമായി. പിന്നാലെ നാലു റൺസുമായി വാഷിംഗ്ടൺ സുന്ദറും മടങ്ങിയതോടെ ആറിന് 73 റൺസെന്ന നിലയിൽ ഇന്ത്യ വീണു.
ഈസമയം ഒരറ്റത്ത് ഋഷഭ് പന്ത് പിടിച്ചുനിന്നു. സുന്ദറിനു പിന്നാലെയെത്തിയ നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് പന്ത് രക്ഷാപ്രവർത്തനം നടത്തി. ഇരുവരും ചേർന്ന് ഏഴാംവിക്കറ്റിൽ കൂട്ടിച്ചേർത്ത 48 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ നൂറുകടത്തിയത്.
എന്നാൽ, സ്കോർ 121 ൽ നില്‍ക്കെ പന്തിനെ സ്മിത്തിന്റെ കൈയിലെത്തിച്ച് കമ്മിൻസ് ഓസീസിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ, ഏഴുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഹർഷിത് റാണയും മടങ്ങി. സ്കോർ 144 റൺസിൽ നില്‍ക്കേ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും മടങ്ങിയതോടെ ഇന്ത്യ ഒമ്പതിന് 144 റൺസ് എന്ന നിലയിലായി. വിക്കറ്റ് വീഴ്ചയ്ക്കിടെ ഒരറ്റത്ത് പിടിച്ചുനിന്ന നിതീഷ് കുമാർ റെഡ്ഡിയും കമ്മിൻസിനു മുന്നിൽ വീണതോടെ ഇന്ത്യയുടെ വിക്കറ്റ് വീഴ്ച പൂർത്തിയായി.