കൈവിട്ടുപോയി! കുതിച്ചുപാഞ്ഞ് സ്വർണം, ഒറ്റയടിക്ക് കൂടിയത് 640 രൂപ
Friday, November 22, 2024 11:18 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ അഞ്ചാംദിവസവും കുതിച്ചുകയറി. പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ, സ്വർണവില പവന് 57,800 രൂപയിലും ഗ്രാമിന് 7,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കൂടി 5,960 രൂപയിലും പവന് 560 രൂപ കൂടി 47,680 രൂപയിലുമെത്തി.
തിങ്കളാഴ്ച പവന് 480 രൂപയും ചൊവ്വാഴ്ച 560 രൂപയും ബുധനാഴ്ച 400 രൂപയും വ്യാഴാഴ്ച 240 രൂപയും വർധിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏകദേശം 3500 രൂപ കുറഞ്ഞ ശേഷമാണ് തിങ്കളാഴ്ച മുതൽ സ്വർണവിലയിൽ മുന്നേറ്റം ദൃശ്യമായത്. തുടര്‍ച്ചയായ അഞ്ചുദിവസത്തിനിടെ പവന് 2,300 രൂപയാണ് കൂടിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബർ 14,16,17 തീയതികളിൽ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,560 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഒരുവേള വില ഇന്ന് 2,690 ഡോളർ വരെയെത്തിയശേഷം 2,685 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുകയും യുഎസ് ഡോളറിന്റെ മൂല്യം കുതിച്ചുയരുകയും ചെയ്തതോടെയാണ് രാജ്യാന്തര സ്വർണവിലയും കത്തിക്കയറുന്നത്.
അതേസമയം, സ്വർണവില കുതിക്കുമ്പോൾ വെള്ളിവില താഴേക്കാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.