അമ്പതിനിടെ നാലുപേർ പോയി; പെർത്തിൽ കറങ്ങിവീണ് ഇന്ത്യ
Friday, November 22, 2024 10:00 AM IST
പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ 47 റൺസെടുക്കുന്നതിനിടെ നാലു മുൻനിര വിക്കറ്റുകളാണ് സന്ദർശകർക്കു നഷ്ടമായത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 10 റൺസുമായി ഋഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ധ്രുവ് ജുറെലുമാണ് ക്രീസിൽ.
യശസ്വി ജയ്സ്വാൾ (പൂജ്യം), ദേവ്ദത്ത് പടിക്കൽ (പൂജ്യം), വിരാട് കോഹ്ലി (അഞ്ച്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 26 റൺസെടുത്ത കെ.എൽ. രാഹുലാണ് ടോപ് സ്കോറർ. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും മിച്ചൽ സ്റ്റാര്‍ക്കുമാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അഞ്ചു റൺസെടുത്തപ്പോഴേക്കും യശസ്വി ജയ്സ്വാളിനെ നഷ്ടമായി. എട്ട് പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മക്സ്വീനിക്ക് ക്യാച്ച് നല്കി മടങ്ങി. പിന്നാലെ 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ ഹേസല്‍വുഡിന് മുന്നില്‍ വീണു. പിന്നാലെ 12 പന്തിൽ അഞ്ചു റൺസുമായി കോഹ്ലിയും മടങ്ങിയതോടെ മൂന്നിന് 32 റൺസെന്ന നിലയിൽ ഇന്ത്യ പ്രതിസന്ധിയെ നേരിട്ടു.
തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എൽ. രാഹുലും ഋഷഭ് പന്തും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ 47 റൺസിൽ നില്‍ക്കെ രാഹുലും മടങ്ങി. പിന്നാലെ ഉച്ചഭക്ഷണത്തിനു പിരിയുകയായിരുന്നു.