മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കും: ശ്രീകാന്ത് ഷിൻഡെ
Friday, November 22, 2024 5:23 AM IST
മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ. സംസ്ഥാനത്ത് മഹായുതി സഖ്യം വിജയം ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
"മഹായുതി സഖ്യം ഭരണം നിലനിർത്തും. ഇത്തവണ സീറ്റുകൾ വർധിപ്പിക്കും. അത് തന്നെയാണ് എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നത്. സഖ്യത്തിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കും.'-ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.
സഖ്യത്തിൽ മുഖ്യമന്ത്രി ആരാകണമെന്നുള്ള കാര്യത്തിൽ തർക്കങ്ങളൊന്നും നിലവിലില്ലെന്നും ആരാകണം എന്നുള്ള കാര്യം ഫലത്തിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിൽ തീരുമാനിക്കുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. മഹാവികാസ് അഘാടിയെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു.