കളമശേരിയില്‍ ബുള്ളറ്റ് ടാങ്കർ മറിഞ്ഞ സംഭവം; അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ
Thursday, November 21, 2024 6:38 PM IST
കൊച്ചി: കളമശേരിയില്‍ ബുള്ളറ്റ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് പ്രാഥമിക നിഗമനം. തെങ്കാശി സ്വദേശി മുത്തുവാണ് വാഹനം ഓടിച്ചിരുന്നത്. ഇത്തരത്തിലുള്ള വാതകങ്ങള്‍ കൊണ്ടു പോകുമ്പോള്‍ വാഹനത്തില്‍ മറ്റൊരാള്‍ കൂടി വേണം.
എന്നാല്‍ മുത്തുമാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. വണ്‍വേ സംവിധാനത്തിലൂടെ പോകുന്ന ഈ റോഡില്‍ രണ്ടു വാഹനങ്ങള്‍ സുഗമമായി കടന്നു പോകാനാകുമെന്നും മുത്തുവിനെതിരെ കേസ് എടുക്കുമെന്നും എറണാകുളം ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എ. അഷ്റഫ് പറഞ്ഞു.
ഇത്തരം വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏജന്‍സികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നടത്തുന്നതിനെക്കുറിച്ച് ബിപിസിഎലിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ബിപിസിഎലും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും അന്വേഷണം നടത്തും.
ടാങ്കറിലെ വാതക ചോര്‍ച്ച പൂര്‍ണമായും അടച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഗ്നിരക്ഷാസേന അറിയിച്ചു. ഇരുമ്പനം ബിപിസിഎല്ലില്‍ നിന്ന് പ്രൊപ്പലീന്‍ ഗ്യാസുമായി ഗുജറാത്തിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് ബുധനാഴ്ച രാത്രി 11 ഓടെ അപകടത്തില്‍പ്പെട്ടത്.
ടിവിഎസ് ജംഗ്ഷനില്‍വച്ച് ദേശീയപാതയിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇടതുഭാഗത്തേക്ക് മറിയുകയായിരുന്നു. പുലർച്ചെ ഒന്നോടെ ബിപിസിഎല്‍ എമര്‍ജന്‍സി റെസ്പോണ്സിബിള് ടീം സ്ഥലത്തെത്തി. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ടാങ്കര്‍ ഉയര്‍ത്തിയപ്പോഴാണ് വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ബിപിസിഎല്‍ ടെക്നിക്കല്‍ ടീമും ഫയര്‍ഫോഴ്സും എത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു. ആറു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചിന് വാതക ചോര്‍ച്ച അടച്ചു ടാങ്കര്‍ ഉയര്‍ത്തി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.