സജി ചെറിയാന് രാജിവയ്ക്കേണ്ടി വരും, പുനരന്വേഷണം നടക്കട്ടെ: എം.എം. ഹസന്
Thursday, November 21, 2024 3:14 PM IST
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. ഭരണഘടനയ്ക്കെതിരേ നടത്തിയ പ്രസംഗത്തിൽ മന്ത്രിക്കെതിരേ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെ വെള്ളപൂശിക്കൊണ്ട് പോലീസ് കൊടുത്തത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ്. പുനരന്വേഷണം നടക്കട്ടെ. സജി ചെറിയാന് രാജിവയ്ക്കേണ്ടി വരും. പ്രതിഷേധത്തിലേക്ക് കടക്കുന്നില്ലെന്നും എം.എം. ഹസന് കൂട്ടിച്ചേർത്തു.
വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും കോടതി റദ്ദാക്കി.
കേസിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴി എടുക്കാത്തത് തെറ്റാണ്. ധൃതി പിടിച്ചാണ് പോലീസ് അന്വേഷണം പൂർത്തീകരിച്ചതെന്നും കോടതി വിമർശിച്ചു. "കുന്തം കുടച്ചക്രം' എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.