സജി ചെറിയാൻ അടിയന്തരമായി രാജിവയ്ക്കണം; കോടതി വിധി മുഖ്യമന്ത്രിക്കു കൂടിയുള്ള മറുപടി: പ്രതിപക്ഷ നേതാവ്
Thursday, November 21, 2024 11:28 AM IST
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരേ നടത്തിയ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരേ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിധിയുടെ പശ്ചാത്തലത്തിൽ അടിയന്തരമായി സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്ന് രാജിവച്ചതിനെക്കാൾ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആദ്യം രാജിവച്ച സജി ചെറിയാനെ പിൻവാതിലിലൂടെ വീണ്ടും മന്ത്രിയാക്കി നിയമിച്ച മുഖ്യമന്ത്രിക്കു കൂടിയുള്ള മറുപടിയാണ് ഈ വിധിയെന്നും സതീശൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഒരു അന്വേഷണം നടന്നപ്പോൾ നേരത്തെ മന്ത്രിക്ക് അനുകൂലമായ റിപ്പോർട്ട് കൊടുത്തു. ആ റിപ്പോർട്ട് സ്വീകാര്യമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ആ മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ആ അന്വേഷണത്തെ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. ഇനിയും അന്വേഷണം പ്രഹസനമായി മാറും. അതുകൊണ്ട് ഗുരുതരമായ പരാമർശത്തിന്റെയും കോടതി വിധിയുടെയും പശ്ചാത്തലത്തിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.