ആത്മകഥാ വിവാദം: ഇ.പി ജയരാജന്റെയും ഡിസി രവിയുടെയും മൊഴി ഉടൻ രേഖപ്പെടുത്തും
Thursday, November 21, 2024 10:10 AM IST
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജന്റെയും ഡിസി ബുക്സ് ഉടമ ഡിസി രവിയുടെയും മൊഴി ഇന്നു രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് ഡിസി ബുക്സിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ എസ് പിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നു. പല ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കരാർ ഉണ്ടായിരുന്നില്ലെങ്കിൽ പോലും അത്തരത്തിലൊരു ധാരണ ഡിസിയുമായി ഉണ്ടായിരുന്നു എന്നാണ് ഡിസി ജീവനക്കാരുടെ മൊഴി. ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുക.
തെരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ ചർച്ചയായതിനു പിന്നാലെയാണ് ഇ.പി ജയരാജൻ പരാതി നൽകിയത്. വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇ.പി പറയുന്നത്. ഈ പരാതിയിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
ഡിസി ബുക്സ് അധികൃതരുടെ മൊഴിയും ഇ.പിയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടോ എന്ന് കണ്ടെത്തിയ ശേഷം കോട്ടയം ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.