ഇംഫാൽ താഴ്വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 23 വരെ അടച്ചിടും
Thursday, November 21, 2024 2:50 AM IST
ഇംഫാൽ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ സ്കൂളുകളും കോളജുകളും സർവകലാശാലകളും നവംബർ 23 വരെ അടച്ചിടുമെന്ന് അധികൃതർ.
പല ജില്ലകളിലും ജില്ലാ മജിസ്ട്രേറ്റുകൾ ഏർപ്പെടുത്തിയ കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് കർഫ്യൂ ഏർപ്പെടുത്തിയ ഈ ജില്ലകളിലെ സർവകലാശാലകൾ ഉൾപ്പെടെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബർ 23 വരെ അടച്ചിടുമെന്ന് ജോയിന്റ് സെക്രട്ടറി (ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്) ഡാരിയാൽ ജൂലി അനൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
അതേസമയം, മണിപ്പൂരിലെ പ്രശ്നബാധിതമായ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് സർക്കാർ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ, തൗബൽ, കാക്ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് നിർത്തിവച്ചത്.