കൊച്ചി ബിനാലെ; നിഖില്‍ ചോപ്ര ക്യുറേറ്റർ
Wednesday, November 20, 2024 11:18 PM IST
തിരുവനന്തപുരം: നിഖില്‍ ചോപ്രയും എച്ച്എച്ച്ആര്ട്ട് സ്പേസസും കൊച്ചി - മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യൂറേറ്ററാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കലാ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, കെബിഎഫ് പ്രസിഡന്റുകൂടിയായ ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.
വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന 110 ദിവസത്തെ പരിപാടി 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് നടക്കുന്നത്. ഇന്ത്യയിലെയും വിദേശത്തേയും 60 കലാകാരന്മാര് ബിനാലെയുടെ ഭാഗമാകും. ബിനാലെയുടെ ക്യുറേറ്റര്‍ പദവി ഏറ്റെടുക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നു നിഖില്‍ ചോപ്ര പറഞ്ഞു.
കലയുടെയും സമൂഹത്തിന്റെയും സംവാദത്തിന്റെയും ഒത്തുചേരലിന് വേദിയാകുന്ന ഈ ആഗോള പരിപാടി ആഘോഷമാക്കാന്‍ കേരളത്തിലെയും രാജ്യത്തെയും ലോകമെമ്പാടുമുള്ള ആളുകളെയും ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗോവ ആസ്ഥാനമായുള്ള സ്ഥാപനവും കലാകാര കൂട്ടായ്മയുമായ എച്ച്എച്ച് ആര്‍ട്ട് സ്പേസസിന്റെ സ്ഥാപകരിലൊരാളായ നിഖില്‍ ചോപ്രയെയും അംഗങ്ങളെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മുന്‍ ചീഫ് സെക്രട്ടറിയും കെബിഎഫിന്റെ ചെയര്‍പേഴ്സണുമായ ഡോ.വി.വേണു , കെബിഎഫ് സിഇഒ തോമസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു