കൊച്ചിയിലെ വീട്ടമ്മയുടെ മരണം; ഹെല്‍മറ്റ് ധരിച്ച യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം
Wednesday, November 20, 2024 10:06 PM IST
കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം സമീപത്തെ സിസിടിവി ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ 10.20ന് അപ്പാര്‍ട്ട്മെന്റിനു മുന്നിലെ റോഡിലൂടെ ഹെല്‍മറ്റ് ധരിച്ച യുവാവ് നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയത്.
12.50ന് ഇയാള്‍ തിരികെ പോകുമ്പോള്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയം ആദ്യം ധരിച്ചിരുന്ന ടിഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടി ഷര്‍ട്ട് ധരിച്ചതായാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്നാണ് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ കൊല നടത്തിയിരിക്കാമെന്ന സംശയമാണുള്ളത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കളമശേരി കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാര്‍ട്ടുമെന്റിലെ ശുചിമുറിയില്‍ പെരുമ്പാവൂര്‍ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാമി(55)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതായതോടെ സമീപവാസിയെ വിവരം അറിയിക്കുകയായിരുന്നു.
ഇവരുടെ തലയ്ക്കു ചുറ്റും പത്തോളം മുറിവുകളും തലക്ക് പിന്നിലായി ആഴത്തില്‍ മുറിവും പല്ലുകള്‍ അടര്‍ന്നു പോയ നിലയിലുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ രണ്ടു മൊബൈല്‍ ഫോണുകളും ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.