വരുന്നൂ, രാജ്യത്ത് 151 സ്വകാര്യ ട്രെയിനുകൾ
എസ്.ആർ.സുധീർ കുമാർ
Wednesday, November 20, 2024 9:44 PM IST
കൊല്ലം: രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കി. 2027 ഈ ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതല.
ഇവർ ഇക്കാര്യത്തിലുള്ള താത്പര്യം റെയിൽവേയെ ഇതിനകം അറിയിച്ചു കഴിഞ്ഞു. ട്രെയിനുകൾ സ്വകാര്യവത്ക്കരിക്കുന്നത് വഴി മൂന്ന് സുപ്രധാന കാര്യങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആദ്യത്തേത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം.
യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നതാണ് മൂന്നാമതായി ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലവിൽ ഏതാനും സ്വകാര്യ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. തേജസ് എക്സ്പ്രസ് എന്നാണ് ഇവയുടെ പേര്. 2019 ഒക്ടോബർ നാലിന് ലക്നോവിലും ഡൽഹിക്കും മധ്യേയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്.
റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസിക്കാണ് ( ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ) ഇതിന്റെ നിയന്ത്രണ ചുമതല. രാജ്യത്ത് നാല് തേജസ് എക്സ്പ്രസുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ആഴ്ചയിൽ മൂന്ന് തവണ വീതമാണ് നിലവിലെ സർവീസുകൾ.
സ്വകാര്യ എയർലൈനുകളുടെ മാതൃകയിലുള്ള എല്ലാ സൗകര്യങ്ങളും ഇവയിൽ ഉണ്ട്. റെയിൽ ഹോസ്റ്റസിന്റെ സേവനവും ലഭ്യമാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. കാപ്പി, ചായ വെന്റിംഗ് മെഷീൻ അടക്കം ഓൺ ബോർഡ് കാറ്ററിംഗ് സംവിധാനവുമുണ്ട്.
പ്രാദേശിക ഭാഷകളിലടക്കം സിനിമകൾ കാണുന്നതിനുള്ള എൽസിഡി സംവിധാനവും ട്രെയിനിലുണ്ട്. എല്ലാ കോച്ചുകളിലും വൈ-ഫൈ സംവിധാനവും ലഭ്യമാണ്. തേജസ് എക്സ്പ്രസുകളിൽ നിലവിൽ 14 കോച്ചുകളാണ് ഉള്ളത്. 12 ചെയർ കാറുകൾ, ഒരു എക്സിക്യൂട്ടീവ് ക്ലാസ്, ഒരു പവർ കാർ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ചെയർ കാറുകളിൽ ഒന്നിൽ 78 സീറ്റുകൾ ഉണ്ട്. 12 കോച്ചുകളിലായി ആകെ 936 സീറ്റുകൾ. എക്സിക്യൂട്ടീവ് ക്ലാസിൽ 56 കോച്ചുകളാണുള്ളത്. ജനറേറ്ററുകൾ, ബാറ്ററികൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചിട്ടുള്ളതാണ് പവർ കാർ കോച്ച്.
ചില പ്രത്യേക അവസരങ്ങളിൽ കോച്ചുകളുടെ എണ്ണത്തിൽ റെയിൽവേ വ്യത്യാസം വരുത്താറുമുണ്ട്. പുതിയ 151 സ്വകാര്യ ട്രെയിനുകൾ കൂടി വരുന്നതോടെ മത്സരാടിസ്ഥാനത്തിൽ കൂടുതൽ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.