പാണക്കാട് തങ്ങൾക്കെതിരേ നടത്തിയത് രാഷ്ട്രീയ വിമർശനം; അതിൽ വർഗീയ അജണ്ടയ്ക്ക് നീക്കം: എം.വി. ഗോവിന്ദൻ
Monday, November 18, 2024 2:31 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പാണക്കാട് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. എന്നാൽ, അതിൽ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടർമാരും തിരിച്ചറിയണം. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ആര്‍എസ്എസിന്റെയും ബിജെപിയുടേയും സമുന്നത നേതാവായ സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ആര്‍എസ്എസിന്റെ ഭാഗമായി തികഞ്ഞ വര്‍ഗീയ പ്രചാരവേല സംഘടിപ്പിച്ചയാളാണ് സന്ദീപ് വാര്യര്‍.
അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞിട്ടില്ല. ഗാന്ധിജി വധം, ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സന്ദീപ് വാര്യര്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ഗോവിന്ദന് പറഞ്ഞു.
പാലക്കാട് 2500 ഓളം കള്ള വോട്ടും ഇരട്ട വോട്ടും അടക്കം കണ്ടെത്തിയിട്ടുണ്ട്. ഇതിന് നേതൃത്വം കൊടുത്തത് വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയ നേതാവാണ്. ഇതിന് ചില ബിഎൽഒമാര്‍ കൂട്ടുനിൽക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ആ വോട്ടുകൾ മുഴുവൻ നീക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടും. വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.