ഇനി കയറ്റമാകാം! സ്വര്‍ണവില മുകളിലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 480 രൂപ
Monday, November 18, 2024 11:53 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 55,960 രൂപയിലും ഗ്രാമിന് 6,995 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,770 രൂപയിലെത്തി.
ശനിയാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവനും ഗ്രാമിനും ഇതേ നിരക്കിൽ വർധനയുണ്ടായിരുന്നു. ഇതാണ് ശനിയാഴ്ച അതേപടി കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.
രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ 4,160 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്നു സ്വർണവില ഔൺസിന് 2,590 ഡോളറിലേക്ക് കുതിച്ചു.
അതേസമയം വെള്ളി വിലയിൽ വ്യത്യാസമില്ല. ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.