ഇന്നു കൊട്ടിക്കലാശം; പാലക്കാട്ട് പൊടിപാറും
Monday, November 18, 2024 6:48 AM IST
പാലക്കാട്: പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം എന്നവകാശപ്പെട്ട് മൂന്നു മുന്നണികളും വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്പോൾ തീർച്ചയായും ഉറപ്പിക്കാം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ പൊടിപാറും. അരയും തലയും മുറുക്കി നേതാക്കളും അണികളും രംഗത്തിറങ്ങിയതാണ് ഒരിക്കലുമില്ലാത്ത പോരാട്ട ആവേശം പാലക്കാടിനു പകർന്നുനൽകിയത്.
ഞായറാഴ്ചത്തെ അവസാന അവധിദിനവും അവസാനലാപ്പിലെ പ്രചാരണം കൊഴുപ്പിക്കുന്ന തിരക്കിലായിരുന്നു മുന്നണിസ്ഥാനാർഥികളും പ്രവർത്തകരും. ഇന്നു കൊട്ടിക്കലാശമാണ്, പ്രചാരണത്തിന്റെ അവസാന അടവുകൾക്കിടെ, മാറിനിന്നേക്കാവുന്ന വോട്ടുകൾകൂടി ഉറപ്പിക്കാനുള്ള തന്ത്രങ്ങളും മുന്നണികൾ പയറ്റുന്നു.
നാളെ നിശബ്ദപ്രചാരണം. 20നു പാലക്കാട് പോളിംഗ് ബൂത്തിലെത്തുന്പോൾ 27 നാൾ നീണ്ട പ്രചാരണത്തിന്റെയും ആരോപണ-പ്രത്യാരോപണങ്ങളുടെയും വിലയിരുത്തലാകും നിഴലിക്കുക. പാലക്കാട്ടെ പ്രചാരണച്ചൂടും ആവേശവും വിവാദങ്ങളുമെല്ലാം കേരളമൊട്ടാകെ അലയടിച്ചിരുന്നു.
കല്പാത്തി രഥോത്സവത്തിന്റെ പേരിൽ മാത്രം നീട്ടിയ തെരഞ്ഞെടുപ്പിനുശേഷം തേരുകാറ്റിനെപ്പോലെ വിവാദച്ചൂടിനും ശമനമുണ്ടായിട്ടില്ല. കനത്ത പോളിംഗ് തന്നെയാണു മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നത്. വാനോളം പ്രതീക്ഷയിൽത്തന്നെ മുന്നേറുന്ന മുന്നണികൾക്ക് 23ലെ തെരഞ്ഞെടുപ്പുവിധി നിർണായകംതന്നെയാണ്. ഏറെക്കാലം കേരളമൊട്ടാകെ ചർച്ച ചെയ്തേക്കാവുന്ന രാഷ്ട്രീയ കൊടുങ്കാറ്റിനാകും തെരഞ്ഞെടുപ്പുഫലം നാന്ദി കുറിക്കുക.
തിരിഞ്ഞുകൊത്തിയ ആരോപണങ്ങൾ
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ, എൽഡിഎഫ് സ്ഥാനാർഥി ഡോ. പി.സരിൻ എന്നിവർ തമ്മിലുള്ള ത്രികോണമത്സരം ശക്തമാണ്. ഉപതെരഞ്ഞെടുപ്പായതിനാൽ ദേശീയനേതാക്കളുടെ ഒഴുക്കു കുറവായിരുന്നെങ്കിലും സംസ്ഥാന നേതാക്കൾ നേരിട്ടെത്തിയാണു പ്രചാരണം കൊഴുപ്പിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം മുന്നണികളിലെ പ്രമുഖർ രംഗത്തെത്തി.
രാഷ്ട്രീയ എതിരാളികൾക്കു നേരേ പരസ്പരം പ്രയോഗിച്ച ആരോപണങ്ങൾ പലപ്പോഴും തിരിച്ചടിക്കുന്ന കാഴ്ചയും പ്രചാരണത്തിനിടെ കണ്ടു. താമസസ്ഥലത്തു കയറിയുള്ള പോലീസ് പരിശോധനയും പാലക്കാടിനു മുൻ അനുഭവമില്ലാത്ത കാഴ്ചയായിരുന്നു.
സ്ഥാനാർഥിനിർണയം, കള്ളപ്പണം ട്രോളിവിവാദം, ഹോട്ടൽ റെയ്ഡ്, മറുകണ്ടംചാടൽ, വിവാദകത്തുകൾ, പരാമർശങ്ങൾ, സ്പിരിറ്റ്, വ്യാജവോട്ട്, ഇരട്ടവോട്ട്, കൈകൊടുക്കൽ, കൈകൊടുക്കാതിരിക്കൽ, നേതാക്കളുടെ സാന്നിധ്യവും അസാന്നിധ്യവും, ആത്മകഥ, മുനന്പം വിഷയവുമടക്കം പാലക്കാട്ട് ചർച്ചചെയ്യാതെ പോയ വിഷയങ്ങൾ കുറവായിരുന്നു. പരസ്പരാരോപണങ്ങൾ പലപ്പോഴും തിരിഞ്ഞുകൊത്തിയതും പ്രചാരണത്തിനു കൊഴുപ്പുകൂട്ടി.
തുടർന്ന ട്വിസ്റ്റുകൾ/b>
ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു പാലക്കാട്ടെ പ്രചാരണരംഗം. കത്തുവിവാദം മറികടന്ന് യുഡിഎഫ് സ്ഥാനാർഥി ആദ്യമേ കളംപിടിച്ചപ്പോൾ പ്രചാരണത്തിലെ ആദ്യട്വിസ്റ്റുമായാണ് ഇടതുസ്ഥാനാർഥി രംഗത്തെത്തിയത്. ഏറെ അനിശ്ചിതങ്ങൾക്കൊടുവിൽ ദേശീയ നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ബിജെപിക്കും ട്വിസ്റ്റിലൂടെ സ്ഥാനാർഥിയായി.
പിന്നീട് വിവാദങ്ങൾ ഓരോ ദിനവും ആളിക്കത്തുകയായിരുന്നു. അവസാന ട്വിസ്റ്റിന്റെ മേൽക്കൈ ഇപ്പോൾ യുഡിഎഫിനാണു ലഭിച്ചത്. ബിജെപിയുടെ ശൗര്യമുഖമായിരുന്ന സന്ദീപ് വാര്യരെ പാളയിത്തിലെത്തിച്ചാണു കോൺഗ്രസ് അവസാന ലാപ്പിനു കൊഴുപ്പുകൂട്ടിയത്.
ഡീൽ വിവാദം നീളും
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നാലും പാലക്കാട് മണ്ഡലം ഏറെക്കാലം കേരള രാഷ്ട്രീയചർച്ചകളിൽ നിറഞ്ഞുനിൽക്കുമെന്നുറപ്പിക്കാം. ഇതിൽ പ്രധാനം ഡീൽ വിവാദംതന്നെ. വിജയിക്കുന്നത് ആരായാലും രണ്ടാംസ്ഥാനവും ഡീൽവിവാദവുമെല്ലാം തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞും ഏറെക്കാലം ചർച്ചയാകും.
വടകരയിലെ സഹായത്തിനുപകരമായി പാലക്കാട്ട് സഹായമെന്ന ഡീലാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ളതെന്നു സിപിഎം ആരോപിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബിജെപിക്കു തുടർഭരണസാധ്യത ഉറപ്പാക്കുന്നതിനാണു ഡീലെന്നും സിപിഎം പ്രചരിപ്പിക്കുന്നു.
എന്നാൽ, ഡീൽ എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് യുഡിഎഫ് വാദിക്കുന്നത്. സിപിഎം പാർട്ടിസ്ഥാനാർഥിയെ നിർത്താതെ മുന്പു പാർട്ടിയെ വെല്ലുവിളിച്ചുനടന്നയാളെ സ്വതന്ത്ര പരിവേഷത്തിൽ രംഗത്തിറക്കുന്നതു ബിജെപിയെ സഹായിക്കാനാണെന്നാണു യുഡിഎഫ് പറയുന്നത്. എന്നാൽ ഡീൽ ആരു തമ്മിലായിരുന്നെന്നു വോട്ടെടുപ്പുഫലം വരുന്പോൾ തിരിച്ചറിയാമെന്നു ബിജെപിയും പറയുന്നു.