മുള്‍ട്ടാന്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇംഗ്ലണ്ട് പതറുന്നു
Thursday, October 17, 2024 7:40 PM IST
മുള്‍ട്ടാൻ: പാക്കിസ്ഥാൻ - ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. സ്കോർ: പാക്കിസ്ഥാൻ 366, 221 ഇംഗ്ലണ്ട് 291, 36/2. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ്.
എട്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 261 റണ്‍സ് കൂടി വേണം. 21 റണ്‍സോടെ ഒല്ലി പോപ്പും 12 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റണ്‍സിന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ സെഷനില്‍ തന്നെ 291 റണ്‍സിന് എല്ലാവരും പുറത്തായി.
പാക്കിസ്ഥാനുവേണ്ടി സാജിദ് ഖാന് ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൗമാന്‍ അലി മൂന്ന് വിക്കറ്റെടുത്തു. 75 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാന് തുടക്കത്തിലെ തിരിച്ചടിയേറ്റു.
സൽമാൻ അലി ആഘ 63 റൺസ് എടുത്ത് ടോപ് സ്കോററായി. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാലും ജാക് ലീച്ച് മൂന്നും വിക്കറ്റെടുത്തു.