നിതീഷും നായിഡുവും "അതൃപ്തരായ ആത്മാക്കള്‍': സഞ്ജയ് റാവത്ത്
Tuesday, June 11, 2024 6:16 PM IST
മുംബൈ: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്ര പ്രദേശ് നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അതൃപ്തരായ ആത്മാക്കളാണെന്ന് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്. മൂന്നാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തില്‍ ഇരുവരും അതൃപ്തരാണെന്നാണ് അദ്ദേഹം ചൂണ്ടികാട്ടിയത്.
പ്രധാന വകുപ്പുകളൊന്നും വിട്ടുകൊടുക്കാതെ ബിജെപി സഖ്യകക്ഷികളെ അപമാനിച്ചെന്നും റാവത്ത് കുറ്റപ്പെടുത്തി. ബിജെപി എന്തായാലും അതൃപ്തരായ സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തണം എന്നും റാവത്ത് പറഞ്ഞു.
മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവസേന-യുബിടി നേതാവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.
ടിഡിപിക്കും ജെഡിയുവിനും ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം വീതവും ഒരു സഹമന്ത്രി സ്ഥാനം വീതവുമാണ് ലഭിച്ചത്. ജെഡിയു നേതാവ് ലലന്‍ സിംഗിന് പഞ്ചായത്ത് രാജ്,ഫിഷറീസ് തുടങ്ങിയ വകുപ്പുകളും ടിഡിപിയുടെ രാം മോഹന്‍ നായിഡുവിന് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയുമാണ് ലഭിച്ചത്.