നിപ ബാധ; പുനെ ലാബ് ഫലം വന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ
Tuesday, September 12, 2023 6:38 PM IST
കോഴിക്കോട്: സംസ്ഥാനത്തെ നിപ വൈറസ് ബാധ സംബന്ധിച്ച് പുനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ഔദ്യോഗിക പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്ട് രണ്ട് പേർക്ക് നിപ ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ പ്രസ്താവന.
കോഴിക്കോട്ട് നിപ ലക്ഷണങ്ങളുമായി നാല് പേരാണ് ചികിത്സയിലുള്ളതെന്നും ഇവരുടേതും തിങ്കളാഴ്ച രോഗലക്ഷണങ്ങളോടെ മരിച്ച വ്യക്തിയുടേതുമുൾപ്പെടെ അഞ്ച് സാംപിളുകളാണ് പുനെയിലേക്ക് അയച്ചതെന്നും വീണാ ജോർജ് പറഞ്ഞു.
ഈ സാംപിളുകൾ പോസിറ്റീവ് ആണോയെന്ന് വൈറോളജി ലാബ് സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ലാബുമായി ബന്ധപ്പെട്ടപ്പോൾ പരിശോധന തുടരുകയാണെന്നാണ് അറിയിപ്പ് ലഭിച്ചത്.
ഓഗസ്റ്റ് 30-ന് മരിച്ചയാൾ ലിവർ സിറോസിസ് രോഗി ആയിരുന്നുവെന്നും അനുബന്ധ രോഗങ്ങൾ മൂലമുള്ള മരണമാകാം ഇതെന്ന് കരുതിയതായും മന്ത്രി അറിയിച്ചു. ഇയാളുടെ ബന്ധുക്കൾക്ക് പനിയും മറ്റ് രോഗലക്ഷണങ്ങളും ആരംഭിച്ചതോടെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്.
മരിച്ചയാളുടെ ബന്ധുവായ അഞ്ച് വയസുകാരൻ രോഗലക്ഷണങ്ങളുമായി വെന്റിലേറ്റർ ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു.
വൈറോളജി ലാബിൽ നിന്നുള്ള സാംപിൾ ഫലം പോസിറ്റീവ് ആകരുതെന്നാണ് ഏവരും ആഗ്രഹിക്കുന്നതെങ്കിലും നിപ വൈറസിനെ നേരിടാനുള്ള എല്ലാ ജാഗ്രതാനടപടികളും ആരംഭിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.