കാലവർഷമെത്താൻ വൈകും; ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
Sunday, June 4, 2023 10:47 PM IST
തിരുവനന്തപുരം: സംസ്ഥനത്ത് കാലവർഷമെത്താൻ വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ലക്ഷദ്വീപ് തീരത്തെത്തിയ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ വരവറിയിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. നേരത്തെ ജൂണ്‍ നാലിന് കാലവർഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്.
എന്നാൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതും പസഫിക് മേഖലയിൽ രൂപപ്പെട്ട മാവർ കൊടുങ്കാറ്റും കാലവർഷത്തിന്റെ ഗതിയെ തടയുന്നതായാണ് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അടുത്ത 24 മണിക്കൂറിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ മേഖല ന്യൂനമർദമായി ശക്തിപ്രാപിച്ചാൽ അത് കാലവർഷത്തിന് കരുത്തു പകരുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അതേസമയം സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.