കൂട്ടത്തിൽ കുട്ടിയാവാം; ഇരുചക്ര വാഹനത്തിൽ മൂന്നാമൻ 12 ന് താഴെയായാൽ പിഴയില്ല
Sunday, June 4, 2023 8:29 PM IST
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ അധികമായി കൊണ്ടുപോയാൽ പിഴ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങ ളിലെ മൂന്നാം യാത്രക്കാരന് 12 വയസിൽ താഴെയാണ് പ്രായമെങ്കിൽ പിഴ ഈടാക്കില്ല.
ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിനു ശേഷം നിയമത്തിൽ ഭേദഗതി ആവശ്യമായിവന്നാൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. നിയമങ്ങൾക്ക് വേണ്ടിയല്ല മനുഷ്യൻ. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണെന്നതാണ് സംസ്ഥാന സർക്കാർ നിലപാട്- മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി സഞ്ചരിക്കുന്പോൾ എഐ കാമറ പിഴ ഈടാക്കുമെന്ന ആശങ്ക ജനങ്ങളിൽ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് 12 വയസിൽ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കിൽ തൽകാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ തിങ്കളാഴ്ച മുതൽ ഗതാഗത നിയമ ലംഘനങ്ങൾക്കു പിഴ ചുമത്തും. ഏപ്രിൽ 20 മുതൽ പിഴ ഈടാക്കിത്തുടങ്ങുന്നതിനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മേയ് 19 വരെ ബോധവത്കരണം നടത്തിയ ശേഷം പിഴയീടാക്കുന്നതിനായിരുന്നു തീരുമാനം.
ആ തീയതിയും മാറ്റിയാണ് നാളെ മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് എഐ കാമറകൾ വഴി പിഴയീടാക്കുന്നതിനു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 726 എഐ കാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ, ഡ്രൈവിംഗിനിടെ ഫോണ് ഉപയോഗിച്ചാൽ 2000 രൂപ, അനധികൃത പാർക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എ ന്നിങ്ങനെയാണ് പിഴ.
ജംഗ്ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം പോലുള്ള നിയമലംഘനങ്ങൾ കോടതിക്കു കൈമാറും. ഓരോ തവണ കാമറയിൽ പതിയുന്പോഴും പിഴ ആവർ ത്തിക്കും. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
അതേസമയം എമർജൻസി വാഹനങ്ങളെ പിഴകളിൽ നിന്ന് ഒഴിവാക്കാൻ ചട്ടമുണ്ട്. പോലീസും, ഫയർഫോഴ്സും, ആംബുലൻസും കൂടാതെ ദുരന്തനിവാരണ പ്ര വർത്തനങ്ങൾക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തിൽ വരുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, എംഎൽഎമാർ, മേയർമാർ തുടങ്ങിയ ജനപ്ര തിനിധികളെയും പിഴയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.