ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം സ്പീക്കർ പിന്‍വലിച്ചു
Monday, March 20, 2023 3:51 PM IST
തിരുവനന്തപുരം: നിയമസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളില്‍ സ്പീക്കറുടെ റൂളിംഗ്. നിയമസഭയില്‍ സമാന്തരസഭ ചേര്‍ന്നതും സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചതുമായ പ്രതിപക്ഷ നടപടിയെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ രൂക്ഷമായി വിമര്‍ശിച്ചു.
സഭാസമ്മേളനത്തിനിടെ സമാന്തര സഭ ചേര്‍ന്നതും, അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്തുവിട്ടതുമായ സംഭവം ചെയറിനെ അത്ഭുതപ്പെടുത്തി. ഇത്തരം നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്കി.
സഭാ അധ്യക്ഷന്റെ ഓഫീസ് ഉപരോധിക്കാനുള്ള ശ്രമം അങ്ങയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍തന്നെ ഇത്തരമൊരു നീക്കം ആദ്യമായിട്ടാകുമെന്നും സ്പീക്കര്‍ നിരീക്ഷിച്ചു.
സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലും സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ ഉപയോഗിക്കുന്നതിനോടും സ്പീക്കര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
സഭാടിവിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിച്ച്, ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കും.
പ്രതിപക്ഷ അവകാശങ്ങള്‍ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി ലഭിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായി ഉന്നയിച്ചത്.
സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതെന്ന ആക്ഷേപം വസ്തുതാപരമല്ല, ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതും പാര്‍ലമെന്ററി മര്യാദകളുടെ ലംഘനവുമാണിതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം ഷാഫി പറമ്പിലിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശം പിന്‍വലിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. ഷാഫി തോല്‍ക്കും എന്ന പരാമര്‍ശം അനുചിതമാണ്, ഇത് സഭാരേഖകളില്‍നിന്ന് നീക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.