ബിഎസ്എഫിന്റെ പെൺനായ ഗർഭം ധരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി
വെബ് ഡെസ്ക്
Sunday, January 1, 2023 3:40 PM IST
ന്യൂഡൽഹി: ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫിന്റെ പെൺനായ ഗർഭം ധരിച്ചതിനെ തുടർന്ന് സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ ലെൽസി എന്ന പെൺനായയാണ് മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.
ഇതേ തുടർന്ന് പെൺനായ എങ്ങനെ ഗർഭിണിയായി എന്നു കണ്ടെത്താനാണ് ബിഎസ്എഫ് പ്രാദേശിക ആസ്ഥാനമായ ഷിംല്ലോംഗിലെ സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് അജിത് സിംഗിനാണ് അന്വേഷണ ചുമതല.
ഡിസംബർ അഞ്ചിനാണ് ബോർഡർ ഔട്ട്പോസ്റ്റിലെ ബാഗ്മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ലെൽസി ജന്മം നൽകിയത്. കേന്ദ്രസേനകളിലെ സ്നിഫർ നായ്ക്കളുടെ പ്രജനനത്തിനും പരിശീലനത്തിനും ഭക്ഷണത്തിനുമെല്ലാം പ്രത്യേക മാർഗനിർദേശങ്ങളുണ്ട്.
സൈനിക നിയമങ്ങൾ പാലിക്കുന്നതിനൊപ്പം ബിഎസ്എഫിന്റെ വെറ്ററിനറി ഡിപ്പാർട്ട്മെന്റിന്റെ ഉപദേശത്തിലും മേൽനോട്ടത്തിലും മാത്രമേ നായ്ക്കളെ വളർത്താൻ അനുവദിക്കുകയുള്ളു. ബിഎസ്എഫ് ക്യാമ്പിലടക്കമാണ് ഇവയെ ഡ്യൂട്ടിക്ക് നിയോഗിക്കാറുള്ളത്. ക്യാമ്പിന് പുറത്തുപോകാൻ അനുവദിക്കാറുമില്ല. തെരുവ് നായ്ക്കൾക്ക് ക്യാമ്പിലേക്ക് പ്രവേശിക്കാനുമാകില്ല.
ഈ സാഹചര്യത്തിലാണ് പെൺനായ ഗർഭിണിയായതോടെ സുരക്ഷാ വീഴ്ചയിൽ സംശയമുയർന്നിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിലാണ് നായ്ക്കളുടെ പ്രജനനം നടത്തുന്നത്. നായയെ കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധ മൂലമായിരിക്കാം ഇത് സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.