അകമലയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടെന്ന റിപ്പോർട്ട്; 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Thursday, August 1, 2024 8:55 PM IST
തൃശൂര്‍: വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയുണ്ടെന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന റിപ്പോർട്ടിനെ തുടർന്ന് 25 കുടുംബാംഗങ്ങളെ മേഖലയില്‍ നിന്നും താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു.
വടക്കാഞ്ചേരി നഗരസഭയിലെ പതിനാറാം ഡിവിഷന് ഉള്‍പ്പെടുന്ന മാരാത്തുകുന്ന് അകമലയില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിദഗ്ധ സംഘത്തെ അയച്ച് പരിശോധിച്ചത്.
മൈനിംഗ് ആന്റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍. ഗ്രൗണ്ട് വാട്ടര്‍ ഉള്‍പ്പടെയുള്ള ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രദേശത്ത് മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും ആളുകളെ മാറ്റണമെന്നുമാണ് വിദഗ്ധ സംഘം തഹസീൽദാരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന കുടുംബങ്ങളെക്കൂടി പൊതുപ്രവര്‍ത്തകര്‍ മാറ്റിപ്പാര്‍പ്പിച്ചു.
വീടുവിട്ട് മാറുന്നവര്‍ക്ക് വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ ക്യാമ്പില്‍ അകമലയില്‍ നിന്നുള്ളവരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു.