വിയറ്റ് ജെറ്റ് നേരിട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും
Friday, May 26, 2023 2:28 AM IST
നെടുമ്പാശേരി: വിയറ്റ്നാമിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ് വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽനിന്നു കൊച്ചിയിലേക്ക് നേരിട്ട് ആരംഭിക്കുന്ന സർവീസ് ഓഗസ്റ്റ് 12ന് തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സർവീസ്.
കൊച്ചിയിൽനിന്ന് ഇന്ത്യൻ സമയം രാത്രി 11.30 പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 6.40ന് ഹോചിമിൻ സിറ്റിയിലെത്തും. തിരിച്ച് ഹോചിമിൻ സിറ്റിയിൽനിന്ന് പ്രാദേശിക സമയം രാത്രി 7.20 പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിലെത്തും.
ഡൽഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലേക്കു വിയറ്റ് ജെറ്റ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.