വ്യവസായികൾക്ക് കേരളം സാത്താന്‍റെ നാട്; പിണറായി സർക്കാരിനെ കൊട്ടി തരൂർ
സ്വന്തം ലേഖകൻ
Sunday, December 4, 2022 5:12 PM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി ശശി തരൂർ എംപി. വ്യവസായികൾക്ക് കേരളം സാത്താന്‍റെ നാടായി മാറിയെന്നും തൊഴിലില്ലായ്മ കേരളത്തിൽ കൂടി വരികയാണെന്നും തരൂർ പറഞ്ഞു.
കോൺഗ്രസിൽ താൻ ഒരു ഗ്രൂപ്പിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി. എ, ഐ ഗ്രൂപ്പുകൾ ഇനി ആവശ്യമില്ല. വേണ്ടത് യുണൈറ്റഡ് കോൺഗ്രസെന്നും തരൂർ പറഞ്ഞു.
കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനും തരൂർ മറുപടി നൽകി. തന്‍റെ സന്ദർശനം കോട്ടയം ഡിസിസിയെ അറിയിച്ചിരുന്നു. ആര് വിളിച്ചു, എപ്പോൾ വിളിച്ചു എന്നതിന് തെളിവുണ്ട്. പത്തനംതിട്ട ഡിസിസിയെയും സന്ദർശനം അറിയിച്ചിരുന്നു.
എല്ലാ ജില്ലകളിലും പോകാൻ പ്രതിപക്ഷ നേതാവ് തനിക്ക് നിർദേശം നൽകിയിരുന്നു. അതനുസരിച്ചാണ് ജില്ലകളിലെ സന്ദർശനം. വിവാദത്തെക്കുറിച്ച് അത് ഉണ്ടാക്കുന്നവരോട് ചോദിക്കണമെന്നും തരൂർ പറഞ്ഞു.